طسم (1)

ത്വാ-സീന്‍-മീം

تِلْكَ آيَاتُ الْكِتَابِ الْمُبِينِ (2)

സുവ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ

لَعَلَّكَ بَاخِعٌ نَفْسَكَ أَلَّا يَكُونُوا مُؤْمِنِينَ (3)

അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം

إِنْ نَشَأْ نُنَزِّلْ عَلَيْهِمْ مِنَ السَّمَاءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ (4)

എന്നാല്‍ ‍നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം ഇറക്കികൊടുക്കുന്നതാണ് അന്നേരം അവരുടെ പിരടികള്‍ അതിന്ന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും

وَمَا يَأْتِيهِمْ مِنْ ذِكْرٍ مِنَ الرَّحْمَٰنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ (5)

പരമകാരുണികന്‍റെ പക്കല്‍ ‍നിന്ന് ഏതൊരു പുതിയ ഉല്‍ബോധനം വന്നെത്തുമ്പോഴും അവര്‍ അതില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല

فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنْبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ (6)

അങ്ങനെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ് അതിനാല്‍ അവര്‍ ഏതൊന്നിനെ പരിഹസിക്കുന്നവരായിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിക്കൊള്ളും

أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ كَرِيمٍ (7)

ഭൂമിയിലേക്ക് അവര്‍ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവര്‍ഗങ്ങളില്‍നിന്നും എത്രയാണ് നാം അതില്‍ ‍മുളപ്പിച്ചിരിക്കുന്നത്‌?

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (8)

തീര്‍ച്ചയായും അതില്‍ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ ‍അധികപേരും വിശ്വാസികളായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (9)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

وَإِذْ نَادَىٰ رَبُّكَ مُوسَىٰ أَنِ ائْتِ الْقَوْمَ الظَّالِمِينَ (10)

നിന്‍റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക

قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ (11)

അതായത്‌, ഫിര്‍ഔന്‍റെ ജനതയുടെ അടുക്കലേക്ക് അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക)

قَالَ رَبِّ إِنِّي أَخَافُ أَنْ يُكَذِّبُونِ (12)

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

وَيَضِيقُ صَدْرِي وَلَا يَنْطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ (13)

എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും എന്‍റെ നാവിന് ഒഴുക്കുണ്ടാവുകയില്ല അതിനാല്‍ ‍ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ

وَلَهُمْ عَلَيَّ ذَنْبٌ فَأَخَافُ أَنْ يَقْتُلُونِ (14)

അവര്‍ക്ക് എന്‍റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട് അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു

قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُمْ مُسْتَمِعُونَ (15)

അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌

فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ (16)

എന്നിട്ട് നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു

أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ (17)

ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌

قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ (18)

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ‍നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്‍റെ ആയുസ്സില്‍ ‍കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ ‍നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്‌

وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنْتَ مِنَ الْكَافِرِينَ (19)

നീ ചെയ്ത നിന്‍റെ ആ(ദുഷ്‌) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍തന്നെയാകുന്നു

قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ (20)

അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി എന്നാല്‍ ‍ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു

فَفَرَرْتُ مِنْكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ (21)

അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്ന് ഓടിപ്പോയി അനന്തരം എന്‍റെ രക്ഷിതാവ് എനിക്ക് തത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്‍മാരില്‍ ഒരാളാക്കുകയും ചെയ്തു

وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدْتَ بَنِي إِسْرَائِيلَ (22)

എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ

قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ (23)

ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്‌?

قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ مُوقِنِينَ (24)

അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍

قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ (25)

അവന്‍ (ഫിര്‍ഔന്‍) തന്‍റെ ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?

قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ (26)

അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍)

قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ (27)

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്‌

قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ تَعْقِلُونَ (28)

അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍

قَالَ لَئِنِ اتَّخَذْتَ إِلَٰهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ (29)

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ ‍തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്‌

قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُبِينٍ (30)

അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക് കൊണ്ടു വന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?)

قَالَ فَأْتِ بِهِ إِنْ كُنْتَ مِنَ الصَّادِقِينَ (31)

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: എന്നാല്‍ ‍നീ അത് കൊണ്ട് വരിക നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍

فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُبِينٌ (32)

അപ്പോള്‍ അദ്ദേഹം (മൂസാ) തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു

وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ (33)

അദ്ദേഹം തന്‍റെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു അപ്പോഴതാ അത് കാണികള്‍ക്ക് വെള്ളനിറമാകുന്നു

قَالَ لِلْمَلَإِ حَوْلَهُ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ (34)

തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ്‌

يُرِيدُ أَنْ يُخْرِجَكُمْ مِنْ أَرْضِكُمْ بِسِحْرِهِ فَمَاذَا تَأْمُرُونَ (35)

തന്‍റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു അതിനാല്‍ ‍നിങ്ങള്‍ എന്ത് നിര്‍ദേശിക്കുന്നു?

قَالُوا أَرْجِهْ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ (36)

അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക

يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ (37)

എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ

فَجُمِعَ السَّحَرَةُ لِمِيقَاتِ يَوْمٍ مَعْلُومٍ (38)

അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു

وَقِيلَ لِلنَّاسِ هَلْ أَنْتُمْ مُجْتَمِعُونَ (39)

ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?

لَعَلَّنَا نَتَّبِعُ السَّحَرَةَ إِنْ كَانُوا هُمُ الْغَالِبِينَ (40)

ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍ ‍നമുക്കവരെ പിന്തുടരാമല്ലോ!

فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِنْ كُنَّا نَحْنُ الْغَالِبِينَ (41)

അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ?

قَالَ نَعَمْ وَإِنَّكُمْ إِذًا لَمِنَ الْمُقَرَّبِينَ (42)

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

قَالَ لَهُمْ مُوسَىٰ أَلْقُوا مَا أَنْتُمْ مُلْقُونَ (43)

മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക

فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ (44)

അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്‍റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍

فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ (45)

അനന്തരം മൂസാ തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത് അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു

فَأُلْقِيَ السَّحَرَةُ سَاجِدِينَ (46)

അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു

قَالُوا آمَنَّا بِرَبِّ الْعَالَمِينَ (47)

അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ‍ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു

رَبِّ مُوسَىٰ وَهَارُونَ (48)

അതായത് മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍

قَالَ آمَنْتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ (49)

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ ‍വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ് വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ ‍വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌

قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنْقَلِبُونَ (50)

അവര്‍ പറഞ്ഞു: കുഴപ്പമില്ല തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു

إِنَّا نَطْمَعُ أَنْ يَغْفِرَ لَنَا رَبُّنَا خَطَايَانَا أَنْ كُنَّا أَوَّلَ الْمُؤْمِنِينَ (51)

ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ‍ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു

۞ وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُمْ مُتَّبَعُونَ (52)

മൂസായ്ക്ക് നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ ‍നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്‌

فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ (53)

അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു

إِنَّ هَٰؤُلَاءِ لَشِرْذِمَةٌ قَلِيلُونَ (54)

തീര്‍ച്ചയായും ഇവര്‍ കുറച്ച് പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു

وَإِنَّهُمْ لَنَا لَغَائِظُونَ (55)

തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു

وَإِنَّا لَجَمِيعٌ حَاذِرُونَ (56)

തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്‌)

فَأَخْرَجْنَاهُمْ مِنْ جَنَّاتٍ وَعُيُونٍ (57)

അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി

وَكُنُوزٍ وَمَقَامٍ كَرِيمٍ (58)

ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും

كَذَٰلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ (59)

അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു

فَأَتْبَعُوهُمْ مُشْرِقِينَ (60)

എന്നിട്ട് അവര്‍ (ഫിര്‍ഔനും സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു

فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ (61)

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌

قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ (62)

അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും

فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِبْ بِعَصَاكَ الْبَحْرَ ۖ فَانْفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ (63)

അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ ‍അടിക്കൂ എന്ന് അങ്ങനെ അത് (കടല്‍ ‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു

وَأَزْلَفْنَا ثَمَّ الْآخَرِينَ (64)

മറ്റവരെ (ഫിര്‍ഔന്‍റെ പക്ഷം) യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി

وَأَنْجَيْنَا مُوسَىٰ وَمَنْ مَعَهُ أَجْمَعِينَ (65)

മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി

ثُمَّ أَغْرَقْنَا الْآخَرِينَ (66)

പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (67)

തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (68)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും

وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ (69)

ഇബ്രാഹീമിന്‍റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക

إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ (70)

അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം

قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ (71)

അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ‍ഭജനമിരിക്കുകയും ചെയ്യുന്നു

قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ (72)

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ?

أَوْ يَنْفَعُونَكُمْ أَوْ يَضُرُّونَ (73)

അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?

قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ (74)

അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം)

قَالَ أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ (75)

അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

أَنْتُمْ وَآبَاؤُكُمُ الْأَقْدَمُونَ (76)

നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും

فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ (77)

എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്‍റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ

الَّذِي خَلَقَنِي فَهُوَ يَهْدِينِ (78)

അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍

وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ (79)

എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍

وَإِذَا مَرِضْتُ فَهُوَ يَشْفِينِ (80)

എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്‌

وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ (81)

എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍

وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ (82)

പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍

رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ (83)

എന്‍റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ

وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ (84)

പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ

وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ (85)

എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ ‍പെട്ടവനാക്കേണമേ

وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ (86)

എന്‍റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു

وَلَا تُخْزِنِي يَوْمَ يُبْعَثُونَ (87)

അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ

يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ (88)

അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം

إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ (89)

കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ

وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ (90)

(അന്ന്‌) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌

وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ (91)

ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്‌

وَقِيلَ لَهُمْ أَيْنَ مَا كُنْتُمْ تَعْبُدُونَ (92)

അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?

مِنْ دُونِ اللَّهِ هَلْ يَنْصُرُونَكُمْ أَوْ يَنْتَصِرُونَ (93)

അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?

فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ (94)

തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ ‍(നരകത്തില്‍ ‍) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌

وَجُنُودُ إِبْلِيسَ أَجْمَعُونَ (95)

ഇബ്ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും

قَالُوا وَهُمْ فِيهَا يَخْتَصِمُونَ (96)

അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:

تَاللَّهِ إِنْ كُنَّا لَفِي ضَلَالٍ مُبِينٍ (97)

അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ ‍തന്നെയായിരുന്നു

إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ (98)

നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത്‌

وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ (99)

ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല

فَمَا لَنَا مِنْ شَافِعِينَ (100)

ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരായി ആരുമില്ല

وَلَا صَدِيقٍ حَمِيمٍ (101)

ഉറ്റ സുഹൃത്തുമില്ല

فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ (102)

അതിനാല്‍ ‍ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ‍ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (103)

തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (104)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ (105)

നൂഹിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ (106)

അവരുടെ സഹോദരന്‍ നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

إِنِّي لَكُمْ رَسُولٌ أَمِينٌ (107)

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (108)

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ (109)

ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന് മാത്രമാകുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (110)

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക

۞ قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ (111)

അവര്‍ പറഞ്ഞു; നിന്നെ പിന്തുടര്‍ന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?

قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ (112)

അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക് എന്തറിയാം?

إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي ۖ لَوْ تَشْعُرُونَ (113)

അവരെ വിചാരണ നടത്തുക എന്നത് എന്‍റെ രക്ഷിതാവിന്‍റെ ബാധ്യത മാത്രമാകുന്നു നിങ്ങള്‍ ബോധമുള്ളവരായെങ്കില്‍ !

وَمَا أَنَا بِطَارِدِ الْمُؤْمِنِينَ (114)

സത്യവിശ്വാസികളെ ഞാന്‍ ഒരിക്കലും ആട്ടിക്കളയുന്നതല്ല

إِنْ أَنَا إِلَّا نَذِيرٌ مُبِينٌ (115)

ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു

قَالُوا لَئِنْ لَمْ تَنْتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ (116)

അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ (117)

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു

فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَنْ مَعِيَ مِنَ الْمُؤْمِنِينَ (118)

അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ ‍നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്‍റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ

فَأَنْجَيْنَاهُ وَمَنْ مَعَهُ فِي الْفُلْكِ الْمَشْحُونِ (119)

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ ‍നാം രക്ഷപ്പെടുത്തി

ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ (120)

പിന്നെ ബാക്കിയുള്ളവരെ അതിന് ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (121)

തീര്‍ച്ചയായും അതില്‍ ‍(മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (122)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

كَذَّبَتْ عَادٌ الْمُرْسَلِينَ (123)

ആദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ (124)

അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം : നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

إِنِّي لَكُمْ رَسُولٌ أَمِينٌ (125)

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (126)

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ (127)

ഇതിന്‍റെ പേരില്‍ ‍ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍നിന്ന് മാത്രമാകുന്നു

أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ (128)

വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപൊക്കുകയാണോ?

وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ (129)

നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?

وَإِذَا بَطَشْتُمْ بَطَشْتُمْ جَبَّارِينَ (130)

നിങ്ങള്‍ ബലം പ്രയോഗിക്കുകയാണെങ്കില്‍ ‍നിഷ്ഠൂരന്‍മാരായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (131)

ആകയാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക

وَاتَّقُوا الَّذِي أَمَدَّكُمْ بِمَا تَعْلَمُونَ (132)

നിങ്ങള്‍ക്ക് തന്നെ അറിയാവുന്നവ (സുഖസൌകര്യങ്ങള്‍) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക

أَمَدَّكُمْ بِأَنْعَامٍ وَبَنِينَ (133)

കന്നുകാലികളും സന്താനങ്ങളും മുഖേന അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു

وَجَنَّاتٍ وَعُيُونٍ (134)

തോട്ടങ്ങളും അരുവികളും മുഖേനയും

إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ (135)

നിങ്ങളുടെ കാര്യത്തില്‍ ‍ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُنْ مِنَ الْوَاعِظِينَ (136)

അവര്‍ പറഞ്ഞു: നീ ഉപദേശം നല്‍കിയാലും, ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു

إِنْ هَٰذَا إِلَّا خُلُقُ الْأَوَّلِينَ (137)

ഇത് പൂര്‍വ്വികന്‍മാരുടെ സമ്പ്രദായം തന്നെയാകുന്നു

وَمَا نَحْنُ بِمُعَذَّبِينَ (138)

ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല

فَكَذَّبُوهُ فَأَهْلَكْنَاهُمْ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (139)

അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും, അതിനാല്‍ ‍നാം അവരെ നശിപ്പിക്കുകയും ചെയ്തു തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (140)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

كَذَّبَتْ ثَمُودُ الْمُرْسَلِينَ (141)

ഥമൂദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ (142)

അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

إِنِّي لَكُمْ رَسُولٌ أَمِينٌ (143)

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (144)

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ (145)

നിങ്ങളോട് ഞാന്‍ ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന് മാത്രമാകുന്നു

أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ (146)

ഇവിടെയുള്ളതില്‍(സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ?

فِي جَنَّاتٍ وَعُيُونٍ (147)

അതായത് തോട്ടങ്ങളിലും അരുവികളിലും

وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ (148)

വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും

وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ (149)

നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വ്വതങ്ങളില്‍ ‍വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (150)

ആകയാല്‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ (151)

അതിക്രമകാരികളുടെ കല്‍പന നിങ്ങള്‍ അനുസരിച്ചു പോകരുത്‌

الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ (152)

ഭൂമിയില്‍ ‍കുഴപ്പമുണ്ടാക്കുകയും, നന്‍മവരുത്താതിരിക്കുകയും ചെയ്യുന്നവരുടെ

قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ (153)

അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു

مَا أَنْتَ إِلَّا بَشَرٌ مِثْلُنَا فَأْتِ بِآيَةٍ إِنْ كُنْتَ مِنَ الصَّادِقِينَ (154)

നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ് അതിനാല്‍ ‍നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ

قَالَ هَٰذِهِ نَاقَةٌ لَهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَعْلُومٍ (155)

അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട് നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്‌; ഒരു നിശ്ചിത ദിവസത്തില്‍

وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ (156)

നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്‍പിക്കരുത് (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും

فَعَقَرُوهَا فَأَصْبَحُوا نَادِمِينَ (157)

എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു

فَأَخَذَهُمُ الْعَذَابُ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (158)

ഉടനെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (159)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ (160)

ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ (161)

അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

إِنِّي لَكُمْ رَسُولٌ أَمِينٌ (162)

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (163)

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ (164)

ഇതിന്‍റെ പേരില്‍ ‍നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന് മാത്രമാകുന്നു

أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ (165)

നിങ്ങള്‍ ലോകരില്‍ ‍നിന്ന് ആണുങ്ങളുടെ അടുക്കല്‍ ‍ചെല്ലുകയാണോ?

وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُمْ مِنْ أَزْوَاجِكُمْ ۚ بَلْ أَنْتُمْ قَوْمٌ عَادُونَ (166)

നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ

قَالُوا لَئِنْ لَمْ تَنْتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ (167)

അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്‌) വിരമിച്ചില്ലെങ്കില്‍ ‍തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്‌) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

قَالَ إِنِّي لِعَمَلِكُمْ مِنَ الْقَالِينَ (168)

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു

رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ (169)

അദ്ദേഹം (പ്രാര്‍ത്ഥിച്ചു:) എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ‍നിന്ന് നീ രക്ഷപ്പെടുത്തേണമേ

فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ (170)

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി

إِلَّا عَجُوزًا فِي الْغَابِرِينَ (171)

പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ

ثُمَّ دَمَّرْنَا الْآخَرِينَ (172)

പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു

وَأَمْطَرْنَا عَلَيْهِمْ مَطَرًا ۖ فَسَاءَ مَطَرُ الْمُنْذَرِينَ (173)

അവരുടെ മേല്‍ ‍നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം!

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (174)

തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ ‍അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (175)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും

كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ (176)

ഐക്കത്തില്‍(മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന്‍ ‍മാരെ നിഷേധിച്ചുതള്ളി

إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ (177)

അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

إِنِّي لَكُمْ رَسُولٌ أَمِينٌ (178)

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു

فَاتَّقُوا اللَّهَ وَأَطِيعُونِ (179)

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ (180)

ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന് മാത്രമാകുന്നു

۞ أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ (181)

നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക നിങ്ങള്‍ (ജനങ്ങള്‍ക്ക്‌) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്‌

وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ (182)

കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക

وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ (183)

ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ ‍നിങ്ങള്‍ കമ്മിവരുത്തരുത് നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌

وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ (184)

നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക

قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ (185)

അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍ ഒരാള്‍ മാത്രമാകുന്നു

وَمَا أَنْتَ إِلَّا بَشَرٌ مِثْلُنَا وَإِنْ نَظُنُّكَ لَمِنَ الْكَاذِبِينَ (186)

നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു തീര്‍ച്ചയായും നീ വ്യാജവാദികളില്‍പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്‌

فَأَسْقِطْ عَلَيْنَا كِسَفًا مِنَ السَّمَاءِ إِنْ كُنْتَ مِنَ الصَّادِقِينَ (187)

അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ ‍നീ വീഴ്ത്തുക

قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ (188)

അദ്ദേഹം പറഞ്ഞു; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു

فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ (189)

അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാല്‍ ‍മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ (190)

തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (191)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

وَإِنَّهُ لَتَنْزِيلُ رَبِّ الْعَالَمِينَ (192)

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു

نَزَلَ بِهِ الرُّوحُ الْأَمِينُ (193)

വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു

عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ (194)

നിന്‍റെ ഹൃദയത്തില്‍ ‍നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്‌

بِلِسَانٍ عَرَبِيٍّ مُبِينٍ (195)

സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്‌)

وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ (196)

തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്‌

أَوَلَمْ يَكُنْ لَهُمْ آيَةً أَنْ يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ (197)

ഇസ്രായീല്‍സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍ക്ക്‌) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ ?

وَلَوْ نَزَّلْنَاهُ عَلَىٰ بَعْضِ الْأَعْجَمِينَ (198)

നാം അത് അനറബികളില്‍ ഒരാളുടെ മേല്‍അവതരിപ്പിക്കുകയും,

فَقَرَأَهُ عَلَيْهِمْ مَا كَانُوا بِهِ مُؤْمِنِينَ (199)

എന്നിട്ട് അയാള്‍ അത് അവര്‍ക്ക് ഓതികേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ ‍വിശ്വസിക്കുമായിരുന്നില്ല

كَذَٰلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ (200)

അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ ‍നാം അത് (അവിശ്വാസം) കടത്തിവിട്ടിരിക്കയാണ്‌

لَا يُؤْمِنُونَ بِهِ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ (201)

വേദനയേറിയ ശിക്ഷ കാണുന്നത് വരേക്കും അവരതില്‍ ‍വിശ്വസിക്കുകയില്ല

فَيَأْتِيَهُمْ بَغْتَةً وَهُمْ لَا يَشْعُرُونَ (202)

അവര്‍ ഓര്‍ക്കാത്ത നിലയില്‍ ‍പെട്ടെന്നായിരിക്കും അതവര്‍ക്ക് വന്നെത്തുന്നത്‌

فَيَقُولُوا هَلْ نَحْنُ مُنْظَرُونَ (203)

ഞങ്ങള്‍ക്ക് (ഒരല്‍പം) അവധി നല്‍കപ്പെടുമോ? എന്ന് അപ്പോള്‍ അവര്‍ ചോദിച്ചേക്കും

أَفَبِعَذَابِنَا يَسْتَعْجِلُونَ (204)

എന്നാല്‍ ‍നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവര്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നത്‌?

أَفَرَأَيْتَ إِنْ مَتَّعْنَاهُمْ سِنِينَ (205)

എന്നാല്‍ ‍നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക് കുറെ കൊല്ലങ്ങളോളം സുഖസൌകര്യം നല്‍കുകയും,

ثُمَّ جَاءَهُمْ مَا كَانُوا يُوعَدُونَ (206)

അനന്തരം അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്തുവെന്ന് വെക്കുക

مَا أَغْنَىٰ عَنْهُمْ مَا كَانُوا يُمَتَّعُونَ (207)

(എന്നാലും) അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ആ സുഖസൌകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല

وَمَا أَهْلَكْنَا مِنْ قَرْيَةٍ إِلَّا لَهَا مُنْذِرُونَ (208)

ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാര്‍ ഉണ്ടായിട്ടല്ലാതെ

ذِكْرَىٰ وَمَا كُنَّا ظَالِمِينَ (209)

ഓര്‍മപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത് നാം അക്രമം ചെയ്യുന്നവനായിട്ടില്ല

وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ (210)

ഇതുമായി (ഖുര്‍ആനുമായി) പിശാചുക്കള്‍ ഇറങ്ങി വന്നിട്ടില്ല

وَمَا يَنْبَغِي لَهُمْ وَمَا يَسْتَطِيعُونَ (211)

അതവര്‍ക്ക് അനുയോജ്യമാവുകയുമില്ല അതവര്‍ക്ക് സാധിക്കുന്നതുമല്ല

إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ (212)

തീര്‍ച്ചയായും അവര്‍ (ദിവ്യസന്ദേശം) കേള്‍ക്കുന്നതില്‍നിന്ന് അകറ്റപെട്ടവരാകുന്നു

فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ (213)

ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത് എങ്കില്‍ ‍നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ (214)

നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക

وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ (215)

നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്‍റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക

فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِمَّا تَعْمَلُونَ (216)

ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക

وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ (217)

പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേല്‍പിക്കുകയും ചെയ്യുക

الَّذِي يَرَاكَ حِينَ تَقُومُ (218)

നീ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്‍

وَتَقَلُّبَكَ فِي السَّاجِدِينَ (219)

സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്‍റെ ചലനവും (കാണുന്നവന്‍)

إِنَّهُ هُوَ السَّمِيعُ الْعَلِيمُ (220)

തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ

هَلْ أُنَبِّئُكُمْ عَلَىٰ مَنْ تَنَزَّلُ الشَّيَاطِينُ (221)

നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ?

تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ (222)

പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു

يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ (223)

അവര്‍ ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു

وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ (224)

കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌

أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ (225)

അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ?

وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ (226)

പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّهَ كَثِيرًا وَانْتَصَرُوا مِنْ بَعْدِ مَا ظُلِمُوا ۗ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنْقَلَبٍ يَنْقَلِبُونَ (227)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്ന് ഒഴിവാകുന്നു അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്.