المر ۚ تِلْكَ آيَاتُ الْكِتَابِ ۗ وَالَّذِي أُنْزِلَ إِلَيْكَ مِنْ رَبِّكَ الْحَقُّ وَلَٰكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ (1)

അലിഫ് - ലാം - മീം - റാഅ്. ഇത് വേദപുസ്തകത്തിലെ വചനങ്ങളാണ്. നിന്റെ നാഥനില്‍ നിന്ന് നിനക്ക് അവതരിച്ചത്. തീര്‍ത്തും സത്യമാണിത്. എങ്കിലും ജനങ്ങളിലേറെപ്പേരും വിശ്വസിക്കുന്നവരല്ല.

اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُمْ بِلِقَاءِ رَبِّكُمْ تُوقِنُونَ (2)

നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍.

وَهُوَ الَّذِي مَدَّ الْأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَارًا ۖ وَمِنْ كُلِّ الثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ اثْنَيْنِ ۖ يُغْشِي اللَّيْلَ النَّهَارَ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ (3)

അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി; നദികളും. അവന്‍ തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന്‍ രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.

وَفِي الْأَرْضِ قِطَعٌ مُتَجَاوِرَاتٌ وَجَنَّاتٌ مِنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ (4)

ഭൂമിയില്‍ അടുത്തടുത്തുള്ള ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റുചിലതിന്റേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

۞ وَإِنْ تَعْجَبْ فَعَجَبٌ قَوْلُهُمْ أَإِذَا كُنَّا تُرَابًا أَإِنَّا لَفِي خَلْقٍ جَدِيدٍ ۗ أُولَٰئِكَ الَّذِينَ كَفَرُوا بِرَبِّهِمْ ۖ وَأُولَٰئِكَ الْأَغْلَالُ فِي أَعْنَاقِهِمْ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ (5)

നീ അദ്ഭുതപ്പെടുന്നുവെങ്കില്‍ ജനത്തിന്റെ ഈ വാക്കാണ് ഏറെ അദ്ഭുതകരമായിട്ടുള്ളത്: "നാം മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?” അവരാണ് തങ്ങളുടെ നാഥനില്‍ അവിശ്വസിച്ചവര്‍. അവരുടെ കണ്ഠങ്ങളില്‍ ചങ്ങലകളുണ്ട്. നരകാവകാശികളും അവര്‍ തന്നെ. അവരതില്‍ നിത്യവാസികളായിരിക്കും.

وَيَسْتَعْجِلُونَكَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ وَقَدْ خَلَتْ مِنْ قَبْلِهِمُ الْمَثُلَاتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ الْعِقَابِ (6)

ഇക്കൂട്ടര്‍ നിന്നോട് നന്മക്കു മുമ്പെ തിന്മക്കായി തിടുക്കം കൂട്ടുന്നു. എന്നാല്‍ ഇവര്‍ക്കു മുമ്പ് ഗുണപാഠമുള്‍ക്കൊള്ളുന്ന ശിക്ഷകള്‍ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട്. ജനം അതിക്രമം കാണിച്ചിട്ടും നിന്റെ നാഥന്‍ അവര്‍ക്ക് ഏറെ മാപ്പേകിയിട്ടുമുണ്ട്. നിന്റെ നാഥന്‍ കഠിനമായി ശിക്ഷിക്കുന്നവനുമാണ്.

وَيَقُولُ الَّذِينَ كَفَرُوا لَوْلَا أُنْزِلَ عَلَيْهِ آيَةٌ مِنْ رَبِّهِ ۗ إِنَّمَا أَنْتَ مُنْذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ (7)

സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി.

اللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنْثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِنْدَهُ بِمِقْدَارٍ (8)

ഓരോ സ്ത്രീയും ഗര്‍ഭാശയത്തില്‍ ചുമക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും അധികരിപ്പിക്കുന്നതും അവന്നറിയാം. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുത്ത് വ്യക്തമായ വ്യവസ്ഥകളുണ്ട്.

عَالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ (9)

അവന്‍ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ്. മഹാനും ഉന്നതനുമാണ്.

سَوَاءٌ مِنْكُمْ مَنْ أَسَرَّ الْقَوْلَ وَمَنْ جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ (10)

നിങ്ങളിലെ മെല്ലെ സംസാരിക്കുന്നവനും ഉറക്കെ സംസാരിക്കുന്നവനും രാവില്‍ മറഞ്ഞിരിക്കുന്നവനും പകലില്‍ ഇറങ്ങിനടക്കുന്നവനുമെല്ലാം അവനെ സംബന്ധിച്ചിടത്തോളം സമമാണ്.

لَهُ مُعَقِّبَاتٌ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ ۗ إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنْفُسِهِمْ ۗ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ ۚ وَمَا لَهُمْ مِنْ دُونِهِ مِنْ وَالٍ (11)

എല്ലാ ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവന്നായി നിയോഗിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അല്ലാഹുവിന്റെ കല്‍പന പ്രകാരം അവരവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനെക്കൂടാതെ അവര്‍ക്ക് രക്ഷകനുമില്ല.

هُوَ الَّذِي يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنْشِئُ السَّحَابَ الثِّقَالَ (12)

പേടിയും പ്രതീക്ഷയുമുണ്ടാക്കുന്ന മിന്നല്‍പ്പിണര്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത് അവനാണ്. ജലവാഹിനികളായ കനത്ത കാര്‍മേഘങ്ങളുണ്ടാക്കുന്നതും അവന്‍ തന്നെ.

وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَنْ يَشَاءُ وَهُمْ يُجَادِلُونَ فِي اللَّهِ وَهُوَ شَدِيدُ الْمِحَالِ (13)

ഇടിനാദം അവനെ സ്തുതിച്ചുകൊണ്ട് അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സംബന്ധിച്ച ഭയത്താല്‍ മലക്കുകളും അതുതന്നെ ചെയ്യുന്നു. അവന്‍ ഘോരഗര്‍ജനമുള്ള ഇടിവാളുകളയക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അവനുദ്ദേശിക്കുന്നവരില്‍ അത് പതിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനാണവന്‍.

لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَسْتَجِيبُونَ لَهُمْ بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ (14)

അവനോടുള്ളതുമാത്രമാണ് യഥാര്‍ഥ പ്രാര്‍ഥന. അവനെക്കൂടാതെ ഇക്കൂട്ടര്‍ ആരോടൊക്കെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ക്കൊന്നും ഒരുത്തരവും നല്‍കാനാവില്ല. വെള്ളത്തിലേക്ക് ഇരുകൈകളും നീട്ടി അത് വായിലെത്താന്‍ കാത്തിരിക്കുന്നവനെപ്പോലെയാണവര്‍. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന പൂര്‍ണമായും പാഴായതുതന്നെ.

وَلِلَّهِ يَسْجُدُ مَنْ فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُمْ بِالْغُدُوِّ وَالْآصَالِ ۩ (15)

ആകാശഭൂമികളിലുള്ളവരൊക്കെയും ഇഷ്ടത്തോടെയോ നിര്‍ബന്ധിതമായോ സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവിനാണ്. അവരുടെ നിഴലുകള്‍ പോലും രാവിലെയും വൈകുന്നേരവും അതുതന്നെ ചെയ്യുന്നു.

قُلْ مَنْ رَبُّ السَّمَاوَاتِ وَالْأَرْضِ قُلِ اللَّهُ ۚ قُلْ أَفَاتَّخَذْتُمْ مِنْ دُونِهِ أَوْلِيَاءَ لَا يَمْلِكُونَ لِأَنْفُسِهِمْ نَفْعًا وَلَا ضَرًّا ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ أَمْ هَلْ تَسْتَوِي الظُّلُمَاتُ وَالنُّورُ ۗ أَمْ جَعَلُوا لِلَّهِ شُرَكَاءَ خَلَقُوا كَخَلْقِهِ فَتَشَابَهَ الْخَلْقُ عَلَيْهِمْ ۚ قُلِ اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ (16)

ചോദിക്കുക: ആരാണ് ആകാശഭൂമികളുടെ നാഥന്‍! പറയുക: അല്ലാഹു. അവരോട് പറയുക: എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കല്‍പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നതുപോലെത്തന്നെ സൃഷ്ടി നടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്.

أَنْزَلَ مِنَ السَّمَاءِ مَاءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا فَاحْتَمَلَ السَّيْلُ زَبَدًا رَابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِثْلُهُ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْحَقَّ وَالْبَاطِلَ ۚ فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً ۖ وَأَمَّا مَا يَنْفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْأَمْثَالَ (17)

അവന്‍ മാനത്തുനിന്നു വെള്ളമിറക്കി. അങ്ങനെ അരുവികളിലൂടെ അവയുടെ വലുപ്പത്തിന്റെ തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍നിന്നും ഇതുപോലുള്ള പതയുണ്ടാകാറുണ്ട്. ഇവ്വിധമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു.

لِلَّذِينَ اسْتَجَابُوا لِرَبِّهِمُ الْحُسْنَىٰ ۚ وَالَّذِينَ لَمْ يَسْتَجِيبُوا لَهُ لَوْ أَنَّ لَهُمْ مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ ۚ أُولَٰئِكَ لَهُمْ سُوءُ الْحِسَابِ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمِهَادُ (18)

തങ്ങളുടെ നാഥന്റെ ക്ഷണം സ്വീകരിച്ചവര്‍ക്ക് എല്ലാ നന്മയുമുണ്ട്. അവന്റെ ക്ഷണം സ്വീകരിക്കാത്തവരോ, അവര്‍ക്ക് ഭൂമിയിലുള്ള സകലതും അതോടൊപ്പം അത്ര വേറെയും ഉണ്ടായാല്‍ പോലും ശിക്ഷ ഒഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ താവളം നരകമാണ്. എത്ര ചീത്ത സങ്കേതം!

۞ أَفَمَنْ يَعْلَمُ أَنَّمَا أُنْزِلَ إِلَيْكَ مِنْ رَبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ (19)

അപ്പോള്‍ നിന്റെ നാഥന്‍ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവന്‍ കുരുടനെപ്പോലെയാകുമോ? വിചാരശാലികള്‍ മാത്രമേ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുകയുള്ളൂ.

الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنْقُضُونَ الْمِيثَاقَ (20)

അല്ലാഹുവോടുള്ള വാഗ്ദാനം പൂര്‍ണമായും നിറവേറ്റുന്നവരാണവര്‍. കരാര്‍ ലംഘിക്കാത്തവരും.

وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ (21)

ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്‍. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും. കടുത്ത വിചാരണയെ പേടിക്കുന്നവരുമാണ്.

وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلَاةَ وَأَنْفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَٰئِكَ لَهُمْ عُقْبَى الدَّارِ (22)

അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമപാലിക്കുന്നവരുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മകൊണ്ടു തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോക നേട്ടം.

جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ (23)

അതായത് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും.

سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ (24)

മലക്കുകള്‍ പറയും: "നിങ്ങള്‍ ക്ഷമപാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ.” ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം!

وَالَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيُفْسِدُونَ فِي الْأَرْضِ ۙ أُولَٰئِكَ لَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ (25)

അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്.

اللَّهُ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ ۚ وَفَرِحُوا بِالْحَيَاةِ الدُّنْيَا وَمَا الْحَيَاةُ الدُّنْيَا فِي الْآخِرَةِ إِلَّا مَتَاعٌ (26)

അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. വേറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്.

وَيَقُولُ الَّذِينَ كَفَرُوا لَوْلَا أُنْزِلَ عَلَيْهِ آيَةٌ مِنْ رَبِّهِ ۗ قُلْ إِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي إِلَيْهِ مَنْ أَنَابَ (27)

സത്യനിഷേധികള്‍ പറയുന്നു: "ഇയാള്‍ക്ക് എന്തുകൊണ്ടാണ് ഇയാളുടെ നാഥനില്‍നിന്ന് ഒരടയാളവും ഇറക്കിക്കിട്ടാത്തത്?” പറയുക: "തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവരെ അവന്‍ തന്നിലേക്കുള്ള നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു.”

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ (28)

സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.

الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ طُوبَىٰ لَهُمْ وَحُسْنُ مَآبٍ (29)

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് തിരിച്ചെത്താനുള്ളത് ഏറ്റം മികച്ച താവളം തന്നെ.

كَذَٰلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِنْ قَبْلِهَا أُمَمٌ لِتَتْلُوَ عَلَيْهِمُ الَّذِي أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَٰنِ ۚ قُلْ هُوَ رَبِّي لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ (30)

അവ്വിധം, നിന്നെ നാമൊരു സമുദായത്തിലേക്ക് ദൂതനായി നിയോഗിച്ചിരിക്കുന്നു. ഇതിനുമുമ്പും നിരവധി സമുദായങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. നാം നിനക്കു ബോധനമായി നല്‍കിയ സന്ദേശം നീയവര്‍ക്ക് വായിച്ചുകേള്‍പ്പിക്കാന്‍ വേണ്ടിയാണിത്. അവരോ, ദയാപരനായ ദൈവത്തെ തള്ളിപ്പറയുന്നു. പറയുക: അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.

وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَلْ لِلَّهِ الْأَمْرُ جَمِيعًا ۗ أَفَلَمْ يَيْأَسِ الَّذِينَ آمَنُوا أَنْ لَوْ يَشَاءُ اللَّهُ لَهَدَى النَّاسَ جَمِيعًا ۗ وَلَا يَزَالُ الَّذِينَ كَفَرُوا تُصِيبُهُمْ بِمَا صَنَعُوا قَارِعَةٌ أَوْ تَحُلُّ قَرِيبًا مِنْ دَارِهِمْ حَتَّىٰ يَأْتِيَ وَعْدُ اللَّهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ (31)

പര്‍വതങ്ങളെ ചലിപ്പിക്കുകയോ ഭൂമിയെ തുണ്ടം തുണ്ടമാക്കി മുറിക്കുകയോ മരിച്ചവരോടു സംസാരിക്കുകയോ ചെയ്യാന്‍ കഴിവുറ്റഒരു ഖുര്‍ആന്‍ ഉണ്ടായാല്‍പ്പോലും അവരതില്‍ വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നില്ലേ; അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും നേര്‍വഴിയിലാക്കുമായിരുന്നു. സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി എന്തെങ്കിലും വിപത്ത് ബാധിച്ചുകൊണ്ടിരിക്കും. അല്ലെങ്കില്‍ അവരുടെ വീടുകള്‍ക്ക് അടുത്തുതന്നെ ദുരിതം വന്നുപതിക്കും; അല്ലാഹുവിന്റെ വാഗ്ദാനം പുലരുംവരെ. അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല.

وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ (32)

നിനക്കു മുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ നാം സത്യനിഷേധികള്‍ക്ക് അവസരം നീട്ടിക്കൊടുത്തുകൊണ്ടിരുന്നു. പിന്നീട് നാം അവരെ പിടികൂടി. നോക്കൂ: എന്റെ ശിക്ഷ എവ്വിധമായിരുന്നുവെന്ന്!

أَفَمَنْ هُوَ قَائِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ وَجَعَلُوا لِلَّهِ شُرَكَاءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّئُونَهُ بِمَا لَا يَعْلَمُ فِي الْأَرْضِ أَمْ بِظَاهِرٍ مِنَ الْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا مَكْرُهُمْ وَصُدُّوا عَنِ السَّبِيلِ ۗ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ (33)

അപ്പോള്‍ ഓരോ ആത്മാവും സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനോടാണോ ഈ ധിക്കാരം? അവര്‍ അല്ലാഹുവിന് പങ്കാളികളെ ആരോപിച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ അവരുടെ പേരുകളൊന്നു പറഞ്ഞുതരിക. അല്ല; അല്ലാഹുവിന് ഭൂമിയില്‍ അറിയാത്ത കാര്യം അറിയിച്ചുകൊടുക്കുകയാണോ നിങ്ങള്‍? അതല്ല; തോന്നുന്നതൊക്കെ വിളിച്ചുപറയുകയാണോ? എന്നാല്‍ വസ്തുത അതൊന്നുമല്ല; സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം കൌതുകകരമായി തോന്നിയിരിക്കുന്നു. സത്യപാതയില്‍നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍ പിന്നെ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.

لَهُمْ عَذَابٌ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَشَقُّ ۖ وَمَا لَهُمْ مِنَ اللَّهِ مِنْ وَاقٍ (34)

അവര്‍ക്ക് ഐഹികജീവിതത്തില്‍ അര്‍ഹമായ ശിക്ഷയുണ്ട്. പരലോക ശിക്ഷയോ ഏറെ ദുരിത പൂര്‍ണവും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല.

۞ مَثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوْا ۖ وَعُقْبَى الْكَافِرِينَ النَّارُ (35)

ഭക്തന്മാര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്റെ ഉപമ ഇതാണ്: അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും തണലും ശാശ്വതമായിരിക്കും. ദൈവഭക്തന്മാരുടെ മടക്കം അവിടേക്കാണ്. സത്യനിഷേധികളുടെ ഒടുക്കമോ നരകത്തീയിലും.

وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَفْرَحُونَ بِمَا أُنْزِلَ إِلَيْكَ ۖ وَمِنَ الْأَحْزَابِ مَنْ يُنْكِرُ بَعْضَهُ ۚ قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّهَ وَلَا أُشْرِكَ بِهِ ۚ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ (36)

നാം നേരത്തെ വേദപുസ്തകം നല്‍കിയവര്‍ നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തില്‍ സന്തുഷ്ടരാണ്. എന്നാല്‍ സഖ്യകക്ഷികളില്‍ ചിലര്‍ ഇതിന്റെ ചില ഭാഗങ്ങള്‍ അംഗീകരിക്കാത്തവരാണ്. പറയുക: "ഞാന്‍ അല്ലാഹുവിനു മാത്രം വഴിപ്പെടാനാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കാനും. അതിനാല്‍ ഞാന്‍ ക്ഷണിക്കുന്നത് അവനിലേക്കാണ്. എന്റെ മടക്കവും അവങ്കലേക്കുതന്നെ.”

وَكَذَٰلِكَ أَنْزَلْنَاهُ حُكْمًا عَرَبِيًّا ۚ وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَمَا جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلَا وَاقٍ (37)

ഇവ്വിധം നാം ഇതിനെ ഒരു ന്യായപ്രമാണമായി അറബിഭാഷയില്‍ ഇറക്കിയിരിക്കുന്നു. നിനക്ക് ഈ അറിവ് വന്നെത്തിയശേഷവും നീ അവരുടെ ഇച്ഛകളെ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിന്നെ കാക്കുന്ന ഒരു രക്ഷകനോ കാവല്‍ക്കാരനോ നിനക്കുണ്ടാവില്ല.

وَلَقَدْ أَرْسَلْنَا رُسُلًا مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَنْ يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ (38)

നിനക്കുമുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കു നാം ഇണകളെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. എല്ലാ കാലഘട്ടത്തിനും ഒരു പ്രമാണമുണ്ട്.

يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ ۖ وَعِنْدَهُ أُمُّ الْكِتَابِ (39)

അല്ലാഹു അവനിച്ഛിക്കുന്നതിനെ മായ്ച്ചുകളയുന്നു. അവനിച്ഛിക്കുന്നത് നിലനിര്‍ത്തുകയും ചെയ്യുന്നു. എല്ലാറ്റിനും ആധാരമായ മൂലപ്രമാണം അവന്റെ അടുത്താണുള്ളത്.

وَإِنْ مَا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ (40)

അവര്‍ക്കു നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷയില്‍ ചിലത് നിനക്കു നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനുമുമ്പെ നിന്റെ ജീവിതം നാം അവസാനിപ്പിച്ചേക്കാം. എന്തായാലും നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതല മാത്രമേ നിനക്കുള്ളൂ. കണക്കുനോക്കുന്ന പണി നമ്മുടേതാണ്.

أَوَلَمْ يَرَوْا أَنَّا نَأْتِي الْأَرْضَ نَنْقُصُهَا مِنْ أَطْرَافِهَا ۚ وَاللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِ ۚ وَهُوَ سَرِيعُ الْحِسَابِ (41)

നാം ഈ ഭൂമിയെ അതിന്റെ നാനാഭാഗത്തുനിന്നും ചുരുക്കിക്കൊണ്ടുവരുന്നത് അവര്‍ കാണുന്നില്ലേ? അല്ലാഹു എല്ലാം തീരുമാനിക്കുന്നു. അവന്റെ തീരുമാനം മാറ്റിമറിക്കാനാരുമില്ല. അവന്‍ അതിവേഗം കണക്കുനോക്കുന്നവനാണ്.

وَقَدْ مَكَرَ الَّذِينَ مِنْ قَبْلِهِمْ فَلِلَّهِ الْمَكْرُ جَمِيعًا ۖ يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍ ۗ وَسَيَعْلَمُ الْكُفَّارُ لِمَنْ عُقْبَى الدَّارِ (42)

ഇവര്‍ക്കു മുമ്പുണ്ടായിരുന്നവരും പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എന്നാല്‍ ഫലവത്തായ തന്ത്രങ്ങളൊക്കെയും അല്ലാഹുവിന്റേതാണ്. ഓരോ മനുഷ്യനും നേടിക്കൊണ്ടിരിക്കുന്നതെന്തെന്നു അവന്‍ നന്നായറിയുന്നു. ശോഭനമായ അന്ത്യം ആരുടേതാണെന്ന് ഈ സത്യനിഷേധികള്‍ അടുത്തുതന്നെ അറിയും.

وَيَقُولُ الَّذِينَ كَفَرُوا لَسْتَ مُرْسَلًا ۚ قُلْ كَفَىٰ بِاللَّهِ شَهِيدًا بَيْنِي وَبَيْنَكُمْ وَمَنْ عِنْدَهُ عِلْمُ الْكِتَابِ (43)

സത്യനിഷേധികള്‍ പറയുന്നു, നിന്നെ ദൈവം അയച്ചതല്ലെന്ന്. പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. വേദവിജ്ഞാനമുള്ളവരും.